‘ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിയില്‍ ചേരില്ല’; സുരേന്ദ്രന് മറുപടിയുമായി സുധാകരന്‍

തിരുവനന്തപുരം: ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിയില്‍ ചേരില്ലെന്ന പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

‘എന്റെ മനസ്സ് ബിജെപിക്കൊപ്പം എന്ന കെ.സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല. എകെജി സെന്ററില്‍ നിന്നാണ് സുരേന്ദ്രന് പ്രസ്താവനകള്‍ എഴുതി നല്‍കുന്നത്. കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിലുള്ള പാരിതോഷികമാണ് സുരേന്ദ്രന്റെ പ്രസ്താവന. സുരേന്ദ്രന്‍ ആളുംതരവും നോക്കി കളിക്കണം’- സുധാകരന്‍ പറഞ്ഞു.

അതേസമയം, കെ. സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടമാവും. കെ. സുധാകരന്റെ അഭിപ്രായം മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉണ്ട്. ലീഗിനെ പേടിച്ച് പ്രവര്‍ത്തിക്കേണ്ട അരക്ഷിതാവസ്ഥയിലാണ് അവര്‍. അത്തരം നേതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി തയ്യാറാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.