ഗവർണർക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ്; രാജ്ഭവന് മുന്നിൽ ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ

തിരുവനന്തപുരം: ഗവർണർക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ്. നവംബർ 15 ന് രാജ്ഭവന് മുന്നിൽ ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും.

വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനും, വാണിജ്യവൽക്കരിക്കാനുമുള്ള പരിശ്രമങ്ങൾ ബിജെപി അധികാരത്തിലെത്തിയ ഇടങ്ങളിലെല്ലാം നടത്തിയിട്ടുണ്ട്െന്ന് സീതാറാം യെച്ചൂരി വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സർക്കാരുകളുടേയും, സർവ്വകലാശാലകളുടേയും അധികാരം തടസ്സം സൃഷ്ടിക്കുന്നതാണ്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാർ കണ്ടെത്തിയ വഴി ഗവർണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണ്. വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാൻ നോക്കന്ന ആർഎസ്എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആർഎസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആർഎസ്എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുൾപ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാൻസിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രവർത്തിക്കുക എന്ന രീതിയാണ് ഗവർണർമാർ സാധാരണ സ്വീകരിക്കാറുള്ളത്. എന്നാൽ കേരളത്തിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച് പാസ്സാക്കുന്ന ബില്ലുകൾ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി. ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മന്ത്രിസഭ അംഗീകരിച്ച് ഒപ്പിടാൻ വേണ്ടി ഗവർണർക്ക് ഫയലുകൾ അയച്ചിരുന്നു. ഓർഡിനൻസിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു. കാലാവധി കഴിഞ്ഞ ശേഷം ഫയൽ മടക്കി അയച്ചു. ഇത്തരത്തിൽ സർവ്വകലാശാലയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുക എന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്.

ആർഎസ്എസിന്റെ അജണ്ടകളെ സ്ഥാപിക്കുന്നതിൽ താൻ വിദഗ്ദനാണെന്ന് തെളിയിച്ച് പുതിയ സ്ഥാനങ്ങൾ നേടാനുള്ള പ്രകടനങ്ങളാണ് ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞകാല ചരിത്രം ഇത്തരത്തിൽ സ്ഥാനമാനങ്ങൾക്കായി രാഷ്ട്രീയ പാർടികൾ മാറിമാറി എത്തിയതിന്റേതാണ്. ഗവർണറുടെ ഓഫീസിൽ ചരിത്രത്തിലാദ്യമായി ഒരു ആർഎസ്എസുകാരനെ തന്റെ ഓഫീസിൽ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. ഗവർണറും മന്ത്രിസഭയും പരസ്പര വിശ്വാസത്തിൽ പൂരകമായി പ്രവർത്തിക്കേണ്ടതാണ്. തന്റെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഗവർണർ കരുതേണ്ടത്. ഭരണഘടനാപദവി വഹിക്കുന്നവർക്ക് പക്വതയോടെയും പരിപാവനതയോടെയും ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയണം. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. നവംബർ 3 മുതൽ 12 വരെ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാർച്ചിൽ പങ്കെടുപ്പിക്കും. എന്നാൽ, രാജ്ഭവൻ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കുന്നതാണ്.