സങ്കീർണമായ ശ്വാസകോശ രോഗങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ബ്രോങ്കോസ്‌കോപ്പി

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ആദ്യമായി ജില്ലാ ആശുപത്രിയിൽ ബ്രോങ്കോസ്‌കോപ്പി ആരംഭിച്ചു. സങ്കീർണമായ ശ്വാസകോശ രോഗങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്വാസകോശ മുഴകൾ, കാൻസർ, ക്ഷയരോഗം എന്നിവ നേരത്തെ തിരിച്ചറിയാനും ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയുടെ കൃത്യമായ നിർണയത്തിനും ബ്രോങ്കോസ്‌കോപ്പി സഹായിക്കും. ശ്വാസകോശത്തിലൂടെ വീഡിയോ ഘടിപ്പിച്ച ട്യൂബ് കടത്തി ചെയ്യുന്ന പ്രക്രിയയാണ് ബ്രോങ്കോസ്‌കോപ്പി പരിശോധന.

വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നൽകിയ മുഴുവൻ ടീമിനും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ വികസനത്തിന് വലിയ പ്രാധാന്യമാണ് ഈ സർക്കാർ നൽകുന്നത്. ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കി. ഘട്ടം ഘട്ടമായി വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.