കൊച്ചി: സിനിമാക്കഥ പോലെയുണ്ടല്ലോ സംഭവങ്ങള്‍ എന്ന് എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ ഹൈക്കോടതി. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.
അതേസമയം, ഇരകള്‍ക്ക് വേണ്ടി നിലനില്‍ക്കേണ്ട ആളായ എംഎല്‍എ കോവളം സി ഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആദ്യ മൊഴി വായിച്ചാല്‍ പരസ്പര സമ്മതത്തോടു കൂടി ആണ് ബന്ധപെട്ടത് എന്ന് കൃത്യമായി മനസിലാവും എന്ന് കാടതി നിരീക്ഷിച്ചു. തങ്ങള്‍ മാനസികമായും അല്ലാതെയും വളരെ അടുപ്പത്തില്‍ ആയിരുന്നു എന്ന് മൊഴിയില്‍ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു. എന്നാല്‍, ഉഭയകക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ നോ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
എന്നാല്‍, സാഹചര്യം കൂടി പരിശോധിക്കണം. ഒരു തവണ ക്രൂര ബലാത്സംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി? ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷന്‍ സ്റ്റോറി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി നിരീക്ഷിച്ചു.

