തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജെബി മേത്തര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. കോണ്‍ഗ്രസ് നഗരസഭയില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ ജെബി മേത്തര്‍ എം.പി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
അതേസമയം, ‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന് എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തര്‍ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിന് എത്തിയത്. മേയറുടെ ഭര്‍ത്താവിന്റെ നാട് കോഴിക്കോട് എന്ന നിലക്കാണ് ജെബി മേത്തര്‍ മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് വിവാദമായതോടെ ഭര്‍ത്താവിന്റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്ന് വിശദീകരിച്ച് ജെബി മേത്തര്‍ രംഗത്തെത്തി.
ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണെന്നായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകുമെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

