ജി-20 ഉച്ചകോടി: മോദി 45 മണിക്കൂറിനിടെ പങ്കെടുക്കുന്നത് 20 സെഷനുകളില്‍

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ 16 വരെ നടക്കുന്ന ജി-20യുടെ 17ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ എത്തും. ലോകനേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, ഇന്ത്യോനേഷ്യയിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട പരിപാടി ഉള്‍പ്പെടെ 45 മണിക്കൂറിനിടെ 20 സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ ജി 20 ഗ്രൂപ്പിന്റെ അദ്ധ്യക്ഷ സ്ഥാനം ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയില്‍ നിന്ന് മോദി ഏറ്റെടുക്കും.

യുക്രെയിന്‍ സംഘര്‍ഷം, ആഗോള സമ്ബദ് വ്യവസ്ഥ, ഭക്ഷ്യ – ഊര്‍ജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റല്‍ ഇടപാടുകള്‍, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്. ആരോഗ്യം, കൊവിഡാനന്തര സാമ്ബത്തിക വീണ്ടെടുക്കല്‍, ഊര്‍ജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പ്രധാന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇന്ത്യയുടെ വീക്ഷണത്തിലാണ് ഉച്ചകോടിയില്‍ മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.

അതേസമയം, ഇന്ത്യയുടെ വിദേശനയത്തിന് ആഗോളതലത്തില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനം പ്രാബല്യത്തില്‍ വരുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ജി 20 നേതാക്കള്‍ പങ്കെടുക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആയിരിക്കും പങ്കെടുക്കുന്നത്.