കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം. ഉദ്യോഗസ്ഥർക്ക് ഒന്നര കൊല്ലത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം നിയമനം നൽകിയാൽ മതിയെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഒരു കൊല്ലത്തെ പരിശീലനത്തിന് ശേഷം പ്രൊബേഷൻ കാലയളവിനുള്ളിൽ ആറുമാസത്തെ പരിശീലനം എന്ന രീതിക്ക് മാറ്റം വരുത്തി. 14 കളക്ടറേറ്റുകളിലും പരിശീലനം നൽകുന്നതിനോടൊപ്പം ജുഡീഷ്യറി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലും ഇവർക്ക് പരിശീലനം നൽകുന്നതാണ്.

സുപ്രധാനമായ തസ്തികയിലേക്കാണ് സർക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. അതിനാൽ ഇവർ പൂർണ്ണമായും പരിശീലനം പൂർത്തിയാക്കിയ ശേഷം മാത്രം നിയമനം നൽകിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി. ഒരു വർഷത്തെ പരിശീലനം പൂർത്തിയായി പരിശീലനത്തിന് ശേഷം ഇവരെ നിയമിക്കുകയും പ്രൊബേഷൻ കാലയളവിൽ ബാക്കി ആറുമാസത്തെ പരിശീലനം നൽകുകയുമായിരുന്നു രീതി.

ആറുമാസത്തെ പരിശീലന കാലയളവിൽ വകുപ്പുകളിലും ഇവർക്ക് പരിശീലനം നൽകണം എന്ന ഒരു നിർദ്ദേശം കൂടി സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പോലീസ് അക്കാദമിയിൽ ആറ് ദിവസത്തെ പരിശീലനം നിർബന്ധമായും ഇവർക്ക് നൽകണമെന്നും സർക്കാർ വ്യക്തമാക്കി.