കൊച്ചി: കേരള ബ്‌ളാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയ മുന്‍ താരം ഇയാന്‍ ഹ്യൂം വിരമിക്കുന്നു. മഞ്ഞപ്പടയ്ക്കായി ആകെ 29 മത്സരങ്ങളില്‍ നിന്നും 10 ഗോള്‍ നേടി മലയാള ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇതിഹാസതുല്യനായി അറിയപ്പെട്ടിരുന്ന താരമാണ് ഇപ്പോള്‍ ബൂട്ടഴിക്കുന്നത്.
മലയാളികള്‍ക്കിടയില്‍ ഹ്യൂമേട്ടന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാന്‍ ഹ്യൂം കഴിഞ്ഞ രണ്ടരക്കൊല്ലമായി ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. 39-കാരനായ മുന്‍ കനേഡിയന്‍ അന്തര്‍ദേശീയ താരം നിലവില്‍ ഇംഗ്‌ളീഷ് ക്‌ളബ്ബായ വുഡ്സ്റ്റേക്ക് സിറ്റിയെ പരിശീലിപ്പിച്ച് വരവെയാണ് ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2014-ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ കേരള ബ്‌ളാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ ഇയാന്‍ ഹ്യൂമിന്റെ ഗോള്‍ നേട്ടങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഐഎസ്എല്ലില്‍ കൊല്‍ക്കത്ത, പൂനൈ ടീമുകള്‍ക്കായും ബൂട്ടണിഞ്ഞ താരം 600ല്‍ അധികം മത്സരങ്ങളില്‍ നിന്നും 140ല്‍ അധികം ഗോളുകളാണ് അടിച്ച് കൂട്ടിയത്.
2003-ല്‍ കാനഡയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ താരമാണ് ഇയാന്‍ ഹ്യൂം. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മൂന്ന് തവണ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ ഹ്യൂം 2003നും 2016നുമിടയിലെ മത്സരകാലയളവിലെ 43 കളികളില്‍ നിന്നും ആറ് ഗോളുകള്‍ നേടി.

