നെഹ്‌റുവിനെ കുറിച്ചുള്ള പരാമര്‍ശം; കെ. സുധാകരന്‍ മാപ്പ് പറഞ്ഞതോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് കെ. സി വേണുഗോപാല്‍

നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ മാപ്പ് പറഞ്ഞതോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ‘കെ.സുധാകരന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണ്. ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്’- വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്റു തയ്യാറായി എന്നുള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

വിഷയത്തില്‍ എഐസിസി കെ സുധാകരനോട് വിശദീകരണം തേടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കള്‍ ആശയവിനിമയം നടത്തിയതിന്റെ തുടര്‍ച്ചയായാണ് നടപടി. തന്റെ പരാമര്‍ശം ദുര്‍വ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരന്‍ നേതാക്കളെ അറിയിച്ചു.