ഹൈദരാബാദ്: മറ്റുള്ളവർ തനിക്ക് നേരെ ചൊരിയുന്ന അധിക്ഷേപങ്ങൾ തനിക്കാവശ്യമായ പോഷകമായി മാറ്റാനുള്ള അനുഗ്രഹം ഈശ്വരൻ തനിക്ക് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ നടന്ന ബിജെപിയുടെ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത്രയധികം കഠിനാധ്വാനം ചെയ്തിട്ടും താൻ ക്ഷീണിതനാവാത്തതിന്റെ കാരണവും അദ്ദേഹം വിശദമാക്കി. ദിവസേന രണ്ട്-മൂന്ന് കിലോ ‘തെറിവിളി’ കഴിക്കുന്നതിനാലാണ് ക്ഷീണം അനുഭവപ്പെടാത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. അഴിമതിയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയേയും അടിസ്ഥാനമാക്കിയായിരുന്നു മോദിയുടെ വിമർശനം. കുടുംബത്തിന് പ്രാധാന്യം നൽകുന്ന സർക്കാരല്ല മറിച്ച് ജനങ്ങൾക്ക് പ്രഥമപരിഗണന നൽകുന്ന സർക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസതി, ഓഫീസ് എന്നിവയുടെ സ്ഥാനനിർണം, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കൽ എന്നിവയിൽ കെ.ചന്ദ്രശേഖര റാവു പുലർത്തുന്ന അന്ധവിശ്വാസങ്ങളെ കുറ്റപ്പെടുത്തി അദ്ദേഹം സംസാരിച്ചു. സാമൂഹികനീതിയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധമാണ് ഇതെന്നായിരുന്നു മോദിയുടെ പരാമർശം.
അഴിമതി ആരോപണങ്ങളിൽ കേന്ദ്രഏജൻസികളുടെ അന്വേഷണം ഭയന്ന് പ്രതിപക്ഷകക്ഷികൾ സഖ്യം ചേരുന്നുണ്ട്. മോദിയെ പഴി പറഞ്ഞോളൂ, ബിജെപിയെ പഴിച്ചോളൂ, പക്ഷെ തെലങ്കാനയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞാൽ നിങ്ങൾ വലിയ വില നൽകേണ്ടി വരും. നിരാശയോ ഭയമോ അന്ധവിശ്വാസമോ മൂലം ചിലർ തന്നെ അധിക്ഷേപിക്കും. പക്ഷെ അത്തരം വികാരപ്രകടനങ്ങളിൽ വീണുപോകരുതെന്ന അപേക്ഷ മാത്രമാണ് തനിക്ക് ബിജെപി പ്രവർത്തകരോടുള്ളത്. തെലങ്കാനയിൽ കേന്ദ്രസർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

