പത്തനംതിട്ട: സ്കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് വിശദമാക്കി. അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തെ സ്കാനിംഗ് സെന്ററിലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്.
കൊല്ലം കടയ്ക്കൽ സ്വദേശിയായ അൻജിത്ത് എന്ന യുവാവ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. റേഡിയോഗ്രാഫറാണ് ഇയാൾ. എംആർഐ സ്കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി. അൻജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

