തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനിലെ കത്ത് വിവാദത്തില് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്റെയും മേയര് ആര്യാ രാജേന്ദ്രന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്സ്.
കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്പ്പറേഷനിലെ നിയമനങ്ങളില് ഇടപടാറില്ലെന്നുമാണ് ആനാവൂര് നാഗപ്പന് മൊഴി നല്കിയത്. കത്ത് നല്കിയിട്ടില്ലെന്ന് മേയര് ആര്യാ രാജേന്ദ്രനും വ്യക്തമാക്കി. പരാതി നല്കിയ കോണ്ഗ്രസ് നേതാവും മുന് കൗണ്സിലറുമായ ശ്രീകുമാറിന്റെയും മൊഴി വിജിലന്സ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നല്കിയെന്നാണ് ആനാവൂര് നാഗപ്പന് നല്കിയ വിശദീകരണം. എന്നാല്, പാര്ട്ടി പരിപാടികളുടെ തിരക്ക് കാരണം നേരിട്ട് മൊഴി നല്കാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം ചൂണ്ടിക്കാട്ടുന്നത്. പറയേണ്ടതെല്ലാം മാധ്യമങ്ങള് വഴി അറിഞ്ഞില്ലേ, മേയറും പറഞ്ഞിട്ടുണ്ടോല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ല-എന്നായിരുന്നു ഫോണ് വിളിച്ചപ്പോള് ആനാവൂരിന്റെ പ്രതികരണമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള് അറിയിച്ചു.

