ശക്തമായ കാറ്റിന് സാധ്യത; കേരള തീരങ്ങളില്‍ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ 14 വരെയും മത്സ്യബന്ധനം പാടില്ല

കേരള തീരങ്ങളില്‍ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 14 വരെയും 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍, കര്‍ണാടക തീരത്തു മത്സ്യബന്ധനത്തിന് തടസമില്ല.

ഇന്ന് തെക്കന്‍ ആന്ധ്രാ തീരം, വടക്ക് തമിഴ്നാട്, പുതുച്ചേരി തീരം എന്നിവിടങ്ങളിലും നവംബര്‍ 13, 14 തീയതികളില്‍ കന്യകുമാരി തീരം, തെക്കു- കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് തീരങ്ങളിലും നവംബര്‍ 16ന് തെക്കു- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

അതിനാല്‍, മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തിയ്യതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.