തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര് ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്കിയ കത്ത് ഒരു അബദ്ധമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര് വ്യക്തമാക്കി. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്പ്പറേഷനില് പ്രതിഷേധം നടത്തുന്ന ബിജെപി കൗണ്സിലര്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയില് നിയമനം നടത്താതെ സിപിഎമ്മിന്റെ ആളുകളെ മാത്രം നിയമിക്കാന് ഉദ്ദേശിച്ച് നല്കിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണ്. മേയര് കത്ത് നല്കിയ സംഭവം ഇനി മുതല് നിയമന അഴിമതിയെന്ന് അറിയപ്പെടും. സമരം ചെയ്യുന്ന കൗണ്സിലര്മാരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ട്. സമാധാനപരമായ പ്രതിഷേധത്തിനെതിരെ പൊലീസ് ഒന്നല്ല, നാല് ഗ്രനേഡുകള് എറിഞ്ഞു. ഗ്രെനേഡുകള് സൂക്ഷിക്കുന്നത് തീവ്രവാദികള് മാത്രമാണ്. കേരളത്തില് ജോലികളില്ല, കഠിന പ്രയത്നത്തെയോ സത്യസന്ധതയെയോ മെറിറ്റിനെയോ സിപിഎം അംഗീകരിക്കുന്നില്ല. അവര്ക്ക് എല്ലാം അഴിമതിയാണ്. തൊഴില് രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കള് രോഷാകുലരാണ്. ഞങ്ങളുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. തൊഴില് രഹിതരായ യുവാക്കള്ക്ക് നീതിലഭിക്കും വരെ ഞങ്ങള് പോരാടും. അവര്ക്ക് അവകാശമുള്ള തൊഴിലുകളാണ് മോഷ്ടിക്കപ്പെടുന്നത്. ഇത് ഞങ്ങള് അനുവദിക്കില്ല’- പ്രകാശ് ജാവ്ദേക്കര് ചൂണ്ടിക്കാട്ടി.

