ചെന്നൈ-മൈസൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ബംഗളൂരു: ബംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസും ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്തു.

ഫ്ളാഗ് ഓഫിന് നിശ്ചയിച്ചിരുന്ന ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷന്റെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ പ്രധാനമന്ത്രി ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന് പച്ച സിഗ്നൽ നൽകി. ഇത് രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിനുമാണ്. ചെന്നൈയിലെ വ്യാവസായിക ഹബ്ബും ബെംഗളൂരുവിലെ ടെക് ആന്റ് സ്റ്റാർട്ടപ്പ് ഹബ്ബുകളും, പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള ബന്ധിപ്പിക്കൽ ഇത് വർദ്ധിപ്പിക്കും.

ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കലിനൊപ്പം വാണിജ്യ പ്രവർത്തനങ്ങളും വർദ്ധിപ്പിക്കും. ഇത് ‘ജീവിതം സുഗമമാക്കലും’ വർദ്ധിപ്പിക്കും. ബംഗളൂരുവിൽ നിന്ന് ഈ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പിന്നീട് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് മേഖലയായ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുകയും ഭാരത് ഗൗരവ് കാശി യാത്ര ട്രെയിനിന് പച്ച സിഗ്‌നൽ നൽകുകയും ചെയ്തു. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിൽ ഈ ട്രെയിൻ ഏറ്റെടുത്ത ആദ്യ സംസ്ഥാനമാണ് കർണ്ണാടക. ഈ പദ്ധതിപ്രകാരം കർണാടകയിൽ നിന്ന് കാശിയിലേക്ക് തീർഥാടകരെ അയയ്ക്കുന്നതിനായി കർണാടക ഗവൺമെന്റും റെയിൽവേ മന്ത്രാലയവും ഒന്നിച്ചുചേർന്ന് പ്രവർത്തിക്കും. കാശി, അയോദ്ധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് തീർത്ഥാടകർക്ക് സുഖപ്രദമായ താമസവും മാർഗ്ഗനിർദേശവും നൽകുകയും ചെയ്യും. ഭാരത് ഗൗരവ് കാശി യാത്ര ട്രെയിൻ ഏറ്റെടുത്ത ആദ്യ സംസ്ഥാനമായ കർണാടകയെ അഭിനന്ദിക്കാൻ താൻ ആഗ്രഹിക്കുന്നു. ഈ ട്രെയിൻ കാശിയേയും കർണാടകയേയും കൂടുതൽ അടുപ്പിക്കുന്നു.വെന്നും തീർത്ഥാടകരുടേയും വിനോദസഞ്ചാരികളുടെയും കാശി, അയോദ്ധ്യ, പ്രയാഗ് രാജ് സന്ദർശനം സുഗമമാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന സർവ്വീസ് ഓടിക്കുന്നത് മലയാളി ലോക്കോ പൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്.