അന്ധവിശ്വാസങ്ങളെ മറികടന്ന് മുന്നോട്ട് പോകാൻ മനുഷ്യരെ പ്രാപ്തരാക്കിയത് ശാസ്ത്രമാണ്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഈ രംഗത്തെ വിദഗ്ധരെ കൊണ്ടുവന്ന് പരിശീലനം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളിൽ കൂടുതൽ ഗവേഷണപരത വളർത്താൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗൺഹാളിൽ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവവും വൊക്കേഷണൽ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ മനസിന്റെ ഇരുട്ടിൽ പല അന്ധവിശ്വാസങ്ങളും രൂപം കൊള്ളുന്നുണ്ട്. എന്നാൽ, അവയെ മറികടന്ന് മുന്നോട്ട് പോകാൻ മനുഷ്യരെ പ്രാപ്തരാക്കിയത് ശാസ്ത്രമാണ്. അതിവേഗം പരിഷ്‌കരിക്കപ്പെടുന്നു എന്നതാണ് ശാസ്ത്രത്തിന്റെ പ്രത്യേകത. അത് അന്ധവിശ്വാസത്തെ പോലെയല്ല. അന്ധവിശ്വാസത്തിന് ഒരു ചിന്തയെ ഉള്ളൂ. അത് ഒന്നിൽ അന്ധമായി വിശ്വസിക്കുക എന്നതാണ്.. എന്നാൽ ശാസ്ത്രം അതല്ല, അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് നിരവധി തെറ്റായ പ്രവണതകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തെ ഞെട്ടിച്ച നരബലി വാർത്ത നാം കണ്ടു. നരബലി എന്ന ചിന്ത തന്നെ മനുഷ്യന്റെ തിരിച്ചു പോക്കാണ് കാണിക്കുന്നത്. എന്നാൽ നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗം ആളുകളും അതിനെ എതിർക്കുന്നു എന്നതാണ് വസ്തുത. ആ എതിർപ്പ് ഉയർന്നു വരുന്നത് ശാസ്ത്രീയ ചിന്തകളിൽ നിന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.