ഏഴില്‍ നിന്ന് 15ലേക്ക്; തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം

തിരുവനന്തപുരം: കേരളത്തില്‍ 29 തദ്ദേശ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വന്‍ നേട്ടം. എല്‍ഡിഎഫിന്റെ ആറ് സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സിപിഎമ്മിന്റേയും ബിജെപിയുടേയും കോട്ടകളെന്ന് അവര്‍ അവകാശപ്പെട്ടിരുന്ന മേഖലകളില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സിപിഎമ്മില്‍ നിന്ന് ഏഴും ബിജെപിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു.

17 വര്‍ഷമായി ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. എറണാകുളം കീരംപാറ പഞ്ചായത്തിലെ എല്‍ഡിഎഫ് സിറ്റിങ് സീറ്റും യുഡിഎഫിന് തന്നെ. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷനാണ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തിലെ ബിജെപി സിറ്റിങ്ങ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. പറവുര്‍ നഗരസഭയിലെ പതിനാലാം വാര്‍ഡിലാണ് എല്‍ഡിഎഫ് ജയിച്ചു കയറിയത്. കഴിഞ്ഞ തവണ 363 വോട്ടിന് എല്‍.ഡി.എഫ് ജയിച്ച മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ കൈനോട് വാര്‍ഡ് ഇത്തവണ യു.ഡി.എഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകള്‍ക്കാണ്. എല്‍.ഡി.എഫിന് ആധിപത്യമുണ്ടായിരുന്ന മട്ടന്നൂര്‍ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു.

അതേസമയം, വയനാട് കണിയാമ്ബറ്റ പഞ്ചായത്ത് നാലാം വാര്‍ഡ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍ പഞ്ചായത്ത് മഞ്ഞപ്പാറ വാര്‍ഡ്, തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ ഡിവിഷന്‍, ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാര്‍ഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡ് , ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാര്‍ഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റ് വാര്‍ഡുകള്‍. ഇതില്‍ പാണ്ടനാട് വാര്‍ഡ് ബിജെപിയില്‍ നിന്നും മറ്റുള്ളവ എല്‍ഡിഎഫില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എറണാകുളം പറവൂര്‍ നഗരസഭ വാണിയക്കാട് ഡിവിഷന്‍ ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് ബിജെപി സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ മുതുകുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ യുഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാര്‍ത്ഥി ജി എസ് ബൈജുവാണ് വിജയിച്ചത്.