സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണത്തിൽ കുറവ്; 3.13 ലക്ഷം പേരുടെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ

തിരുവനന്തപുരം: ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചതോടെ സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണത്തിൽ കുറവ് 3.13 ലക്ഷം പേരാണ് ആകെ കുറഞ്ഞത്. മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും നീക്കുന്ന പതിവ് രീതിക്കു പുറമേ ഒന്നിലേറെത്തവണ പട്ടികയിൽ പേരുള്ളവരെ ആധാർ ബന്ധിപ്പിക്കലിലൂടെ കണ്ടെത്തി നീക്കാൻ കഴിഞ്ഞതോടെയാണ് നിയമസഭാ, ലോക്‌സഭാ കരട് വോട്ടർപട്ടികയിൽ എണ്ണം കുറഞ്ഞത്.

ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച പട്ടികയിൽ 2,73,65,345 വോട്ടർമാരുണ്ടായിരുന്നു. പുതിയ പട്ടികയിൽ ഇത് 2,71,62,290 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പുതുതായി 1,10,646 പേർ പട്ടികയിൽ പേരു ചേർത്തിട്ടുണ്ട്. കരട് വോട്ടർപട്ടികയുടെ വിവരങ്ങൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ പക്കലും ഈ വോട്ടർപട്ടികയുണ്ട്.

താലൂക്ക് ഓഫീസിൽ നിന്ന് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് വോട്ടർപട്ടിക ശേഖരിക്കാം. പട്ടികയെക്കുറിച്ചുള്ള പരാതികളും മറ്റും ഡിസംബർ 8 വരെ സമർപ്പിക്കാം. 17 വയസ്സ് പൂർത്തിയായവർക്ക് ഇത്തവണ മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ 4 യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ്സ് പൂർത്തിയാകുന്നത് അതനുസരിച്ച് അപേക്ഷ പരിശോധിക്കുകയും പട്ടികയിൽ ചേർക്കുകയും ചെയ്യും.