ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
പ്രധാനമന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ഭരണഘടനയോടും ഭാരതീയ സംസ്കാരത്തോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശദീകരണം നൽകുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കിൽ മോദിയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ വെച്ചാണ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർപേഴ്സണുമായ ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, കിരൺ റിജിജു, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു. ലളിത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

