തിരുവനന്തപുരം: കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ. തിരുവനന്തപുരം കോർപ്പറേഷൻ ഹർജി നൽകിയത്. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നുവെന്നും ഹർജിയിൽ ആരോപിച്ചു. ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നുവെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. പരാതിയിൽ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രൻ വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും ഒപ്പ് സ്കാൻ ചെയ്ത് കയറ്റിയതാകാമെന്നും മേയർ മൊഴി നൽകിയിട്ടുണ്ട്. നിയമനത്തിനായി ശുപാർശ അറിയിക്കാറില്ലെന്നും താൻ കത്ത് നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മേയറുടെ വസതിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. നിയമന വിവാദത്തിൽ ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ ഡി ആർ അനിൽ കത്തിലെ മേൽവിലാസക്കാരനായ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

