മുഗൾ ഭരണചരിത്രവും ഗുജറാത്ത് കലാപവും സംസ്ഥാന സിലബസിൽ നിന്നൊഴിവാക്കില്ല; തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: എൻസിഇആർടി വെട്ടിയെങ്കിലും മുഗൾ ഭരണചരിത്രവും ഗുജറാത്ത് കലാപവും സംസ്ഥാന സിലബസിൽ നിന്നൊഴിവാക്കില്ലെന്ന് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സംസ്ഥാന സർക്കാർ എസ്‌സിഇആർടിയ്ക്ക് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയതാത്പര്യം മുൻനിർത്തി എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിപ്പിക്കാമെന്ന് വ്യക്തമാക്കിയാണ് സർക്കുലർ പുറപ്പെടുവിക്കുക. എസ്‌സിഇആർടി റിപ്പോർട്ടനുസരിച്ചാണ് സർക്കാരിന്റെ തീരുമാനം. ചരിത്രം, പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലെ ഭാഗങ്ങൾ പഠിപ്പിക്കാമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ചരിത്രം, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ ഒമ്പതുവിഷയങ്ങളിലാണ് സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകൾ എൻസിഇആർടി സിലബസ് പിന്തുടരുന്നത്. ഈ പുസ്തകങ്ങളിലെ 30 ശതമാനം പാഠഭാഗങ്ങൾ ഒഴിവാക്കി എൻസിഇആർടി മാർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും കേരളം തീരുമാനമെടുത്തിരുന്നില്ല. അതേസമയം, പഠിപ്പിച്ചാലും ഇല്ലെങ്കിലും എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്നും പരീക്ഷയ്ക്കു ചോദ്യങ്ങളുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കി.