തിരുവനന്തപുരം: ചാന്സലര് പദവിയില് നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്ഡിനന്സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
‘ചാന്സലറെ എന്തിന് മാറ്റുന്നുവെന്ന് സര്ക്കാര് നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില് ഇടപെടാന് സര്ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള് സംസ്ഥാന നിയമത്തിന് മുകളിലാണ്. മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണ്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെയും സര്ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ല. വെല്ലുവിളിക്കുന്നവര്ക്ക് മനസ്സിലാകുന്ന ഭാഷയില്ത്തന്നെ തിരിച്ചു പറയും. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയില് മറുപടി നല്കിയാലേ ഇത്തരക്കാര്ക്ക് മനസ്സിലാകൂ. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഞാന് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആക്രമിക്കുമെന്ന അര്ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെ മുന്പ് യുവ ഐപിഎസ് ഉദ്യോഗസ്ഥന് തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലെ ഡയറി പരിശോധിച്ചാല് അറിയാം’- ഗവര്ണര് ചൂണ്ടിക്കാട്ടി.

