കത്ത് വ്യാജം; ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിയതാകാമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രൻ വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിയതാകാമെന്നും മേയർ മൊഴി നൽകിയിട്ടുണ്ട്.

നിയമനത്തിനായി ശുപാർശ അറിയിക്കാറില്ലെന്നും താൻ കത്ത് നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മേയറുടെ വസതിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. നിയമന വിവാദത്തിൽ ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ ഡി ആർ അനിൽ കത്തിലെ മേൽവിലാസക്കാരനായ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീട് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ശക്തമായ പ്രതിഷേധം നടത്തി. എന്നാൽ, മേയർക്ക് സംരക്ഷണം ഒരുക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. കെഎസ്‌യു പ്രവർത്തകർ മേയറിന്റെ വീട്ടിൽ കരിങ്കൊടി കാണിച്ചു. ഇവരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. പിന്നീട് പൊലീസ് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.