സുപ്രീംകോടതി വിധി അങ്ങേയറ്റം ദുഃഖകരം; പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പത്തു ശതമാനം സംവരണം ശരിവെച്ചുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുപ്രീംകോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ, എസ്എൻ ട്രസ്റ്റ്, മെഡിക്കൽ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കറിന്റെ അൻപതാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംവരണം ആകെ 50% കവിയാൻ പാടില്ലെന്ന് മണ്ഡൽ കമ്മിഷൻ കേസിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് ഉത്തരവായിട്ടുള്ളതാണ്. അതിനേക്കാൾ വലുതല്ല അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കൂടി നൽകുമ്പോൾ ആകെ സംവരണം 60 ശതമാനമാകും. അതിനാൽ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ കൊടുക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ മുന്നാക്ക സമുദായം 15 ശതമാനമാണ്. അവരിൽ 10% പേർക്കു സംവരണം കൊടുക്കാനാണ് വിധി. വിധിക്ക് ഒരു ലോജിക് വേണ്ടേയെന്ന് അദ്ദേഹം ചോദിക്കുന്നു. സംവരണം എല്ലാക്കാലവും വേണമെന്നല്ല. തുല്യനീതി എല്ലാവർക്കും കിട്ടിക്കഴിയുമ്പോൾ അത് ഇല്ലാതാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.