തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെ രാജ്ഭവനിൽ എത്തിയായിരുന്നു അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. എ എൻ ഷംസീർ സ്പീക്കറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്.
സർവ്വകലാശാല വിഷയം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ പോര് കനക്കുകയാണ്. ഇതിനിടെയാണ് ഗവർണറും സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുന്നത്. കൂടിക്കാഴ്ച്ച അനൗപചാരികം മാത്രമാണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ബില്ലുകളുടെ കാര്യം ചർച്ചയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള നടപടികളുമായി സിപിഎം മുന്നോട്ടു പോകുകയാണ്.. ഗവർണറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുൻപ് പലതവണ ഉന്നയിച്ചിരുന്നു. അതിനാൽ തന്നെ തീരുമാനവുമായി മുന്നോട്ട് പോകാനാണ് എൽഡിഎഫിന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിലാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കണോ, ഓർഡിനൻസായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളിൽ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് വിശദമായ ചർച്ചകൾ നടത്തും.

