മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി ശരിവെച്ച് സുപ്രീംകോടതി. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്നതിനായി കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതി ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

അതേസമയം, സാമ്ബത്തിക നിലയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍, സംവരണം ലക്ഷ്യമിടുന്നത് സാമ്ബത്തിക ഉന്നമനമല്ലെന്നും മറിച്ച് സാമൂഹികശാക്തീകരണമാണെന്നും കോടതി വ്യക്തമാക്കി. 2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവയില്‍ ക്ലോസ് (6) ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജോലിയിലും വിദ്യാഭ്യാസത്തിലും സാമ്ബത്തിക സംവരണം നല്‍കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. പുതുതായി ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 15(6) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉള്‍പ്പെടെ സാമ്ബത്തികമായി ദുര്‍ബലരായ ഏതൊരു പൗരന്റെയും പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ അവസരം നല്‍കുന്നതാണ്. ഭേദഗതി റദ്ദാക്കിയാല്‍ അത് രാജ്യത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം സംവരണം നല്‍കാമെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്.

2020 ഓഗസ്റ്റ് 5 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കാര്യങ്ങള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്.