അഡ്ലയ്ഡ്: ടി-20 ലോകകപ്പില് സിംബാബ്വേയെ 71 റണ്സിന് തകര്ത്ത് ഗ്രൂപ്പ് ചാമ്ബ്യന്മാരായി സെമിയിലേയ്ക്ക് മുന്നേറിയ ഇന്ത്യയുടെ എതിരാളികള് മികച്ച ഫോമിലല്ലാത്ത ഇംഗ്ലണ്ടാണ്. ആദ്യ സെമിയില് ന്യൂസിലാന്റിനെതിരെയാണ് പാകിസ്താന് ഇറങ്ങുന്നത്.
അവസാന ഗ്രൂപ്പ് പോരാട്ടത്തില് ദക്ഷിണാഫ്രിക്കയെ നെതര്ലാന്റ്സ് അട്ടിമറിച്ചതോടെയാണ് പാകിസ്താന് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. ഗ്രൂപ്പില് താഴോട്ട് പോയ പാകിസ്താന് സ്വപ്ന തുല്യമാണ് ഇത്തവണത്തെ സെമി പ്രവേശനം. കനത്ത ആഘാതമാണ് നെതര്ലാന്റ്സ് ദക്ഷിണാഫ്രിക്കന് നിരയ്ക്ക് ഏല്പ്പിച്ചത്. ആദ്യം ബാറ്റ്ചെയ്ത നെതര്ലാന്റ്സ് നേടിയ 158നെതിരെ ദക്ഷിണാഫ്രിക്കന് നിരയ്ക്ക് നിശ്ചിത 20 ഓവറില് 8 ന് 145 റണ്സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന പാകിസ്താന് രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ഗ്രൂപ്പ് ഒന്നിലെ ചാമ്ബ്യന്മാരായ ന്യൂസിലാന്റിനെതിരെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താന് സെമിയില് ഏറ്റുമുട്ടും.
ഗ്രൂപ്പ് രണ്ടിലെ ചാമ്ബ്യന്മാരായ ഇന്ത്യ- ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടു മായിട്ടാണ് സെമിഫൈനലില് പോരാടാനിറങ്ങുന്നത്. നിലവിലെ ഫോം വെച്ച് ഇന്ത്യയ്ക്ക് തന്നെയാണ് മുന്തൂക്കം. ഇംഗ്ലണ്ട് അത്രമികച്ച പ്രകടനമല്ല ഗ്രൂപ്പില് കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തില് ശ്രീലങ്കയ്ക്കെതിരെ 141 റണ്സ് പോലും അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര മറികടന്നത്. മുന്നിരയില് ജോസ് ബട്ലറാണ് സ്ഥിരത പ്രകടിപ്പിക്കുന്നത്. മധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. എന്നാല് ഇന്ത്യയുടെ മുന് നിരയും മധ്യനിരയും ഓരോ കളിയിലും ശക്തമായി മാറുമ്ബോള് കിരീടത്തില് കവിഞ്ഞ് ഒന്നും ഇനി പ്രതീക്ഷിക്കുന്നില്ല.

