തിരുവനന്തപുരം: കോര്പ്പറേഷനിലെ താല്ക്കാലിക തസ്തികകളെ സംബന്ധിച്ച കത്ത് വിവാദത്തില് മേയര് ആര്യാ രാജേന്ദ്രന് പൊലീസില് പരാതി നല്കുന്നത് പാര്ട്ടി നിര്ദ്ദേശപ്രകാരമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് പറഞ്ഞു.
‘പാര്ട്ടിയിലെ ആഭ്യന്തര അന്വേഷണത്തില് കാര്യമില്ല. സിപിഎമ്മിലെ വിഭാഗീയത മാദ്ധ്യമങ്ങളുടെ പ്രചാരവേലയാണ്. വിവാദം ഒഴിവാക്കാന് വേണ്ടിയാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാക്കിയത്. അതിനാല്, മേയര് രാജിവയ്ക്കേണ്ട കാര്യമില്ല. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോര്പ്പറേഷനില് ഒഴിവുണ്ടെന്നറിയിച്ച് പാര്ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന് ലിസ്റ്റ് തേടി മേയര് ആര്യാ രാജേന്ദ്രന് ഔദ്യോഗിക ലെറ്റര് ഹെഡില് ആനാവൂര് നാഗപ്പനയച്ച കത്ത് വിവാദത്തിലാവുകയായിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗത്തില് 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് കത്തില് ആവശ്യപ്പെട്ടത്.

