തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സഖാക്കൾക്ക് വിൽപ്പനയ്ക്ക് വയ്ക്കാൻ സർക്കാർ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സർക്കാർ ജോലി ലഭിക്കാൻ പാർട്ടി ശുപാർശ വേണമെന്നത് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താൽക്കാലിക നിയമനത്തിന് ജില്ലാ സെക്രട്ടറിയുടെ മുൻഗണനാ പട്ടിക ചോദിച്ച മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സിപിഎം ഭരണകാലയളവിൽ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ്സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

