സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല; ധനമന്ത്രി നിർമ്മലാ സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇത്തരം വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിൽ റോഡുകളും സ്‌കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വിശദമാക്കി. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ അനുസ്മരണത്തിൽ സഹകരണ ഫെഡറലിസം എന്ന വിഷയത്തിൽ സംസാരിക്കവേയായിരുന്നു ധനമന്ത്രിയുടെ പരാമർശം.

സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്പ എടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ട്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ചിലർ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമർശിക്കുന്നു. ആശയസംവാദത്തിന്റെ അന്തരീക്ഷം നിലനിർത്താൻ കേരളം പാടുപെടുകയാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.