തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിൻവലിച്ച് നാടിന്റെ വികസനവീഥിയിൽ അണിചേരുവാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവർഷം 2,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് വിലയിരുത്തുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ അത് വലിയ നേട്ടമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽ തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചിലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി ഇ യു കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായി മാറുന്നതോടെ കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

