സി.ആര്‍.പി.എഫ് തലപ്പത്തേക്ക് ആലപ്പുഴക്കാരി ആനി എബ്രഹാം

രാജ്യത്ത് സി.ആര്‍.പി.എഫ് ദ്രുത കര്‍മ്മസേനയുടെ തലപ്പത്തേക്ക് ആലപ്പുഴക്കാരി ആനി എബ്രഹാം എത്തുന്നു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചാണ് ആനി ദ്രുതകര്‍മ്മസേനയുടെ തലപ്പത്തെത്തിയത്.

സി.ആര്‍.പി.എഫ് ആസ്ഥാനത്ത് ഇന്റലിജന്‍സ് ഡി.ഐ.ജിയായും കാശ്മീരില്‍ ഓപ്പറേഷന്‍സ് വിഭാഗം ഡി.ഐ.ജിയായും വിജിലന്‍സ് ഡി.ഐ.ജിയായും ഇനി എബ്രഹാം പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോദ്ധ്യയില്‍ കലാപകാലത്തും ജമ്മുവില്‍ ഭൂമിക്കു വേണ്ടിയുള്ള കലാപകാലത്തുമെല്ലാം സി.പി.ആര്‍.പി.എഫ് സംഘത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു ഇവര്‍. ലൈബീരിയയില്‍ വനിതകള്‍ മാത്രമുള്ള ഐക്യരാഷ്ട്ര സഭയുടെ ദൗത്യസംഘത്തിന്റെ മേധാവിയുമായിരുന്നു. സി.ആര്‍.പി.എഫിന്റെ സെന്‍ട്രല്‍ ബറ്റാലിയനിലും ജമ്മുവിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ സേനയുടെ ഭാഗമായ ആദ്യ ബറ്റാലിയനിലെ ഉദ്യോഗസ്ഥയാണ് ആനി.

ഐ.ജിയായുള്ള നിയമനം അംഗീകാരമായി കാണുന്നുവെന്ന് ആനി എബ്രഹാം പറഞ്ഞു. ‘മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഇതൊരു വലിയ നേട്ടമാണെന്നതില്‍ സംശയമില്ല. കേന്ദ്ര അര്‍ദ്ധസൈനിക സേനകളിലെ ജോലി വനിതകള്‍ക്ക് ഏറെ വെല്ലുവിളികള്‍ ഉള്ളതാണ്. രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ മേഖലകളില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടുകയാണ് ദൗത്യം. കലാപ പ്രദേശങ്ങളിലായാലും തീവ്രവാദത്തെ നേരിടാനായാലും തിരഞ്ഞെടുപ്പായാലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ്. സി.ആര്‍.പി.എഫില്‍ 3.1ശതമാനം വനിതകളാണുള്ളത്. പുതിയ ദൗത്യത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ദൗത്യം. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് വനിതകളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. നിരവധി ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. പരിശീലനത്തിനു ശേഷം ആദ്യത്തെ നിയമനം അയോദ്ധ്യയിലായിരുന്നു. അക്കാലത്ത് അവിടെ സംഘര്‍ഷങ്ങള്‍ തുടങ്ങുന്ന സമയമായിരുന്നു. എല്ലാം കൃത്യമായി ചെയ്യാനായി. നിരവധി പാഠങ്ങള്‍ പഠിക്കാനുമായി. കൂടുതല്‍ വനിതകള്‍ സേനയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു’- ആനി പറഞ്ഞു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, അതി ഉത്കൃഷ്ട് സേവാ പതക്, നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. അതേസമയം, സി.ആര്‍.പി.എഫിന്റെ ചരിത്രത്തിലാദ്യമായി ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രണ്ട് വനിതാ ഉദ്യോഗസ്ഥരിലൊരാളാണ് ആനി. ബീഹാര്‍ സെക്ടര്‍ മേധാവിയായി നിയമിതയായ ഐ.ജി സീമ ധുണ്ടിയയാണ് രണ്ടാമത്തെ വനിത.