മീഡിയാ വണ്‍ കേസ്: രഹസ്യ ഫയല്‍ ചാനലിന് കൈമാറിയില്ല; കേസ് വിധി പറയാനായി മാറ്റി

ന്യൂഡല്‍ഹി: മീഡിയാ വണ്‍ കേസില്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ച് വിശദാംശങ്ങള്‍ പരിശോധിക്കുകയും വിധി പറയാനായി കേസ് മാറ്റിവെക്കുകയും ചെയ്തു. മീഡിയാ വണ്ണിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സാധിക്കില്ലെന്ന മുന്‍നിലപാട് കേന്ദ്രം ഇന്നലെയും ആവര്‍ത്തിച്ചു. ചാനലിന്റെ ലൈസന്‍സ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തോട് സുപ്രീംകോടതി യോജിച്ചു.

അതേസമയം, കഴിഞ്ഞ ജനുവരി 31 നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. സംപ്രേഷണ വിലക്കിന് എതിരെ മീഡിയ വണ്‍ ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫയലിലെ 807 – 808 പേജുകളിലെ അഞ്ചാം ഖണ്ഡികയും, 839 -840 പേജുകളിലെ മിനുട്‌സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങള്‍ അവ്യക്തമാണെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അറിയിച്ചത്. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ട് ഖണ്ഡികകളില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, ഫയലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് തനിക്ക് അഭിപ്രായം കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. എം. നാടരാജ് കോടതിയില്‍ വ്യക്തമാക്കി. ഫയല്‍ മീഡിയ വണ്ണിന്റെ അഭിഭാഷകര്‍ക്ക് കൈമാറുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് ജഡ്ജിമാര്‍ മാത്രം ഫയല്‍ പരിശോധിച്ചത്. വിധി എഴുതുന്നതിനായി ഫയല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബെഞ്ച് വാങ്ങി.

സുരക്ഷാ ഭീഷണിയാണെങ്കില്‍ എന്തുകൊണ്ടാണ് മീഡിയ വണ്‍ ചാനലിന് ഡൗണ്‍ ലിങ്കിങ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന് വാദം കേള്‍ക്കലിനിടയില്‍ സുപ്രീം കോടതി ചോദിച്ചു. ഇതിന് പുറമെ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറലിനെ കൊണ്ട് വാദം എഴുതി നല്‍കിയതിലും സുപ്രീം കോടതി അത്ഭുതപ്പെട്ടു. മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നതിനോട് തനിക്ക് വിയോജിപ്പാണെങ്കിലും ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ അതില്‍ ഇളവ് നല്‍കേണ്ടിവരുമെന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.