തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജിയ്ക്ക് തിരിച്ചടി. വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന ഷാജിയുടെ ഹർജി കോടതി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ് നടപടി. കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നൽകാനാകില്ലെന്ന് വിജിലൻസ് കോടതി അറിയിച്ചു.
ബൂത്ത് കമ്മിറ്റികളിൽ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് ആണ് പിടിച്ചെടുത്തതെന്നാണ് കെ എം ഷാജി വ്യക്തമാക്കുന്നത്. എന്നാൽ, ഇതിനെ എതിർത്ത് വിജിലൻസ് സ്പെഷ്യൽ സെൽ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ് കോടതിയുടെ നടപടി.
അതേസമയം, ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആദായ നികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.

