പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയാക്കിയ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീംകോടതി. പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കുകയും പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി കോടതി സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക. കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരും നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയുകയായിരുന്നു.