ഉത്തരകൊറിയൻ മിസൈലാക്രമണം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദക്ഷിണകൊറിയയും ജപ്പാനും

സോൾ: ഉത്തരകൊറിയൻ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദക്ഷിണകൊറിയയും ജപ്പാനും. പത്തോളം മിസൈലുകളാണ് കഴിഞ്ഞ ദിവസം ദക്ഷിണകൊറിയൻ സമുദ്രപരിധിയിൽ പതിച്ചത്. ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും തൊടുത്തതായി വ്യാഴാഴ്ച്ച സോൾ സൈന്യം അറിയിച്ചിരുന്നു. ജപ്പാന്റെയും ദക്ഷിണകൊറിയയുടെ സമുദ്രാതിർത്തിയായ കിഴക്കൻ കടലിലേക്കാണ് ആക്രമണം ഉണ്ടായത്. ദക്ഷിണ പ്യോംഗൻ പ്രവിശ്യയിലെ കെച്ചോണിൽ നിന്ന് ഉത്തരകൊറിയയുടെ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.

മിസൈലാക്രമണം നടന്നതായി ദക്ഷിണകൊറിയയും ടോക്കിയോയും സ്ഥിരീകരിച്ചിരുന്നു. പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് ജപ്പാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ദക്ഷിണ കൊറിയയുടെ സൈന്യം യുഎസുമായി അടുത്ത് സഹകരിക്കുകയും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സൈനികാഭ്യാസങ്ങൾ നിർത്തണമെന്ന് പ്യോങ്യാങ് ആവശ്യപ്പെട്ടതിന് പിന്നാലെയാമ് മിസൈൽ വിക്ഷേപണം നടന്നിട്ടുള്ളത്.

അതേസമയം, ഉത്തരകൊറിയൻ മിസൈൽ ജപ്പാൻ കടലിന് മുകളിലൂടെ പറന്നത് ആശങ്കാജനകമാണെന്ന് പ്രതിരോധ മന്ത്രി യസുകസു ഹമാദ അറിയിച്ചു. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയ അപകടകരമായ കളിക്കാണ് ഒരുങ്ങുന്നതെന്നാണ് വാഷിങ്ടണും സോളും നൽകിയിട്ടുള്ള മുന്നറിയിപ്പ്.