ഗൂഗിളില്‍ ഫോണ്‍ നമ്പര്‍ തിരയാറുണ്ടോ?

ലോകത്തിലെ ഒട്ടുമിക്ക വിവരങ്ങളും ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഗൂഗിളിനെ കൂടുതല്‍ ജനപ്രിയമാക്കാന്‍ കാരണം.

എന്നാല്‍, ഗൂഗിളില്‍ വിവിധ സ്ഥാപനങ്ങളുടെയോ സേവനങ്ങളുടെയോ ഫോണ്‍ നമ്ബറുകള്‍ തിരയുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. ഗൂഗിളില്‍ നിന്ന് ലഭിക്കുന്ന സെര്‍ച്ച് റിസള്‍ട്ടിലും വന്‍ തട്ടിപ്പുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഷോപ്പ്, കസ്റ്റമര്‍ കെയര്‍ നമ്ബറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തട്ടിപ്പിന് ഇരയാകാനുളള സാധ്യത വളരെ കൂടുതലാണ്. ഗൂഗിളില്‍ നിന്ന് ലഭിക്കുന്ന പല നമ്ബറുകളും ആധികാരികമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകാര്‍ക്ക് സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും നമ്ബറുകള്‍ എഡിറ്റ് ചെയ്യാനും അവരുടെ നമ്ബറുകള്‍ ചേര്‍ക്കാനും കഴിയും. അതിനാല്‍, ഗൂഗിളില്‍ നിന്ന് ലഭിക്കുന്ന നമ്ബറുകള്‍ പലപ്പോഴും വിശ്വാസയോഗ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെര്‍ച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന സേവനങ്ങളുടെയോ, സ്ഥാപനങ്ങളുടെയോ ഫോണ്‍ നമ്ബര്‍ ലഭിക്കുന്നതിനായി പരമാവധി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.