ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് വൈസ് ചാൻസലർമാർ

കൊച്ചി: ഗവർണർക്കെതിരെയുള്ള നീക്കവുമായി വൈസ് ചാൻസലർമാർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വൈസ് ചാൻസർമാർ. ആറ് വൈസ് ചാൻസലർമാരും കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാർ ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം നടത്തണമെന്ന് വിസിമാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തങ്ങൾ തെറ്റ് ചെയ്തെന്ന് അന്വേഷണം നടത്തുന്ന ജഡ്ജിമാർക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമേ സ്ഥാനത്തു നിന്ന് പുറത്താക്കാവൂവെന്നും വൈസ് ചാൻസലർമാർ ഹർജിയിൽ പറയുന്നു.

വിസിമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നേരത്തെ കത്ത് നൽകിയിരുന്നു. തുടർന്ന് വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, നിയമനാധികാരി ചാൻസലാറാണെന്നും എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തു കൂടായെന്നും കോടതി ചോദിച്ചിരുന്നു. പിനന്നീടാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെയാണ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചത്.