കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താല്‍പര്യം ഉണ്ടെങ്കില്‍ നേരില്‍ അറിയിക്കണം; വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍

തിരുവനന്തപുരം: കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച 10 വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും തന്നെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താല്‍പര്യം ഉണ്ടെങ്കില്‍ നവംബര്‍ ഏഴിന് മുന്‍പ് അക്കാര്യം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

എന്നാല്‍, ഗവര്‍ണറുടെ നോട്ടീസിന് ആരും മറുപടി നല്‍കിയിട്ടില്ല. 2 വിസിമാര്‍ നാലിനു വൈകുന്നേരം അഞ്ചിനു മുന്‍പും 8 വിസിമാര്‍ മൂന്നിനു വൈകുന്നേരം അഞ്ചിനു മുന്‍പും മറുപടി നല്‍കണം എന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അതേസമയം, സാങ്കേതിക സര്‍വകലാശാലാ വി.സി ഡോ. എം.എസ് രാജശ്രീയെ സുപ്രീംകോടതി നേരത്തെ അയോഗ്യയാക്കിയിരുന്നതിനാല്‍ ഇവര്‍ക്ക് ആദ്യം അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചു. ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനുള്ള നോട്ടീസും രാജശ്രീക്ക് നല്‍കിയിട്ടില്ല. സാങ്കേതിക സര്‍വകലാശാലാ വിസിയുടെ ചുമതല ആര്‍ക്കു നല്‍കണമെന്നതില്‍ ഇന്നലെയും തീരുമാനമായില്ല.