കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ സർവീസിലും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോൾ, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണ്. പെൻഷൻ പ്രായം വർദ്ധനയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എൽഡിഎഫിലെ ഘടകകക്ഷികളും തുടർഭരണം കിട്ടിയപ്പോൾ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ പ്രായം 55 ൽ നിന്നും 56 ആക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ തെരുവിൽ സമരം നടത്തിയവരാണ് ഇപ്പോൾ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. ചെറുപ്പക്കാരുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തുന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്നും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫ് യുവജനസംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

