വിഴിഞ്ഞം സമരത്തിനെതിരെയുള്ള മാര്‍ച്ചില്‍ പങ്കെടുത്ത് സിപിഎം, ബിജെപി നേതാക്കള്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചു കൊണ്ടുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പദ്ധതിയാണ് ഇതെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു.

‘വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണം. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരും കോടതിയും ജനങ്ങളും സമരത്തിനെതിരെയാണ്. ഇതിനാല്‍ കലാപത്തിന് ശ്രമം നടക്കുകയാണ്. ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും’- നാഗപ്പന്‍ വ്യക്തമാക്കി.

അതേസമയം, സമരത്തിന്റെ ഭാഗമായി വലിയ സംഘര്‍ഷ സാധ്യതയുണ്ടെന്ന് വി വി രാജേഷും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കും. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാര്‍ത്ഥ്യം ആക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്തെ തടസങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.