വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണ്; വി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു.

ഡോ. സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണ്. പോലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കേരളത്തിന്റെ പൊതു ആവശ്യമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിൻവലിച്ച് നാടിന്റെ വികസന വീഥിയിൽ അണിചേരുവാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.