ഡെങ്കിപ്പനി: സംസ്ഥാനത്ത് ജനകീയ പ്രതിരോധം ഉണ്ടാകേണ്ട സാഹചര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്‌

സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകേണ്ട സാഹചര്യമാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി കര്‍മപരിപാടി തയ്യാറാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഈ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഡെങ്കി കേസുകള്‍ കൃത്യമായി മാപ് ചെയ്യേണ്ടതുണ്ട്. ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. അതിനായി സന്നദ്ധ സംഘടനകളുടേയും റസിഡന്‍സ് അസോസിയേഷനുകളുടേയും സഹകരണം ഉറപ്പാക്കും. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനും ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

അതേസമയം, വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. പനി കുറയുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നീ സൂചനകള്‍ ഉണ്ടാകുന്നുവെങ്കില്‍ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ എത്തിക്കണം.

ശ്രദ്ധിക്കൂ…സുരക്ഷിതരാകൂ

കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുക.

വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം.

വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

കൊതുകിനെ നശിപ്പിക്കാനുള്ള ഫോഗിംഗ് ശാസ്ത്രീയമാക്കണം.

സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം.