ജപ്തിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് തിരികെ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി വി.എന്‍ വാസവന്‍

തൃശൂര്‍: ജില്ലയില്‍ ജപ്തിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് തിരികെ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇതിനാവശ്യമായ തുക റിസ്‌ക് ഫണ്ടില്‍ നിന്ന് നല്‍കുന്നതിനായി സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തി. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കുമെന്നും കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഒന്നര ലക്ഷം രൂപ വായ്പ എടുത്തത് തിരികെ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. നടപടിയെ തുടര്‍ന്ന് മുണ്ടൂര്‍ സ്വദേശിനി ഓമന, മക്കളായ മഹേഷ്. ഗിരീഷ് എന്നിവര്‍ പെരുവഴിയിലാണ്.

2013ലാണ് കുടുംബം ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. ഇപ്പോള്‍ പലിശയടക്കം അഞ്ച് ലക്ഷം രൂപ ഇനി തിരികെ അടയ്ക്കാനുണ്ട്. സാവകാശം ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്ന് കുടുംബം വിശദീകരിച്ചു.