ചിലർ മനഃപൂർവം ക്ഷണിച്ചുവരുത്തിയ ദുരന്തം; ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിലർ മനഃപൂർവം ക്ഷണിച്ചുവരുത്തിയ ദുരന്തമാണിതെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

അപകടത്തിനു തൊട്ടുമുൻപ് യുവാക്കളുടെ ഒരു സംഘം തൂക്കുപാലത്തിൽ കയറിനിന്ന് പാലം കുലുക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാക്കൾ പാലം കുലുക്കിയതോടെ ഭയപ്പെട്ട ഇവർ പാതിവഴിയിൽ തിരിച്ചു പോരുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് പാലം തകർന്നു വീണത്. പാലത്തിലൂടെ കുടുംബാംഗങ്ങൾക്കൊപ്പം നടക്കുന്ന സമയത്ത് ഒരുകൂട്ടം യുവാക്കൾ മനഃപൂർവം പാലം കുലുക്കിയെന്നാണ് ഗോസ്വാമി ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്.

പാലത്തിലുണ്ടായിരുന്ന ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇത്തരത്തിൽ പാലം കുലുക്കുന്നത് അപകടകരമാണെന്ന് തോന്നിയതോടെയാണ് തിരികെ പോന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ പാലം കുലുക്കുന്ന കാര്യം അവിടെയുണ്ടായിരുന്ന പാലം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, അവർ ഗൗനിച്ചില്ലെന്നും ഗോസ്വാമി പറയുന്നു. തൂക്കുപാലം കുലുക്കുന്നതിൽ നിന്ന് യുവാക്കളെ തടയാൻ തിരികെ പോരും മുൻപ് താൻ പാലം ജീവനക്കാരോട് ആവശ്യപ്പെട്ടതാണ്. അവർ പക്ഷേ, സന്ദർശകർക്ക് ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നുമില്ലെന്നും അവർ വ്യക്തമാക്കി. തങ്ങൾ അവിടെ നിന്ന് പോന്ന് അധികം വൈകും മുൻപേയാണ് പാലം തകർന്നുവീണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അപകടത്തിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം യുവാക്കൾ പാലത്തിൽ നിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ചിലർ പാലം കുലുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നേരത്തെ, പാലത്തിൽ ഒട്ടേറെ ആളുകൾ നിൽക്കെ ഏതാനും പേർ ചേർന്ന് പാലം കുലുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് പഴയ വിഡിയോയാണെന്നാണ് ചിലർ വാദിക്കുന്നത്.