സർക്കാരിനെതിരെ ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം; പ്രക്ഷോഭ പരിപാടികൾ നവംബർ 3 മുതൽ ആരംഭിക്കും

കൊച്ചി: സർക്കാരിനെതിരായ ശക്തമായ സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ നവംബർ 3 മുതൽ തുടങ്ങുമെന്നും സെക്രട്ടേറിയേറ്റ് വളയൽ ഉൾപ്പെടെയുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വി ഡി സതീശൻ ഉന്നയിക്കുന്നത്. ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. കേരളത്തിൽ അരി വില കൂടുന്നു, അവശ്യസാധന വില കൂടുന്നു, എന്നാൽ ഒന്നിലും സർക്കാർ ഇടപെടുന്നില്ല. വില നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി നിഷ്‌ക്രിയനായി ഇരിക്കുന്നു. പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണെന്നും ഡിവൈഎഫ്ഐ, എസ്എഫ് ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം നവംബർ ഒന്നിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് മഹിളാ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് നടക്കും. നവംബർ മൂന്നിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. നവംബർ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. നവംബർ 14 ന് ‘നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്റെ തുടർച്ചയിലേക്ക്’ എന്ന പ്രചാരണ പരിപാടി തുടങ്ങും. നവംബർ 20 മുതൽ 30 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും. ഡിസംബർ രണ്ടാം വാരത്തിൽ സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് വളയുമെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം പ്രക്ഷോഭവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സർക്കാർ കാര്യമായി ഇടപ്പെട്ടില്ലെങ്കിൽ പ്രതിപക്ഷം കൂടുതൽ ശക്തമായ നിലപാടുകളുമായി രംഗത്തെത്തും. വിഴിഞ്ഞം സമരക്കാർക്ക് പ്രതിപക്ഷത്തിന്റെ ഐക്യദാർഢ്യമുണ്ട്. സമരക്കാരുമായി നേരിട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.