അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൽ 141 ൽ അധികം പേർ മരണപ്പെട്ടു. ഗുജറാത്തിലെ മോർബിയിലാണ് തൂക്കുപാലം തകർന്ന് അപകടമുണ്ടായത്. പുനർനിർമ്മാണം നടത്തിയ ശേഷം അഞ്ചു ദിവസം മുൻപ് തുറന്നു നൽകിയ പാലമാണ് തകർന്നത്.
അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഗുജറാത്ത് സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ അപകട സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

