കേരള പോലീസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തിക നിയമനം; അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: കേരള പോലീസിന്റെ ശിശുസൗഹൃദ ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളിൽ (D-DAD) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തിക നിയമനത്തിനുളള അപേക്ഷത്തീയതി നീട്ടി. നവംബർ മൂന്ന് വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ക്ലിനിക്കൽ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ എന്നിവയുള്ള 40 വയസ്സിൽ താഴെയുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരുവർഷം പ്രവൃത്തിപരിചയം അഭികാമ്യം. പുതുതായി യോഗ്യത നേടിയ പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

നിശ്ചിത മാതൃകയിലുളള അപേക്ഷകൾ നവംബർ മൂന്നിന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം digitalsafetykerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷഫോറവും കേരള പോലീസിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ https://keralapolice.gov.in/page/notification എന്ന ലിങ്കിൽ ലഭിക്കും. ഫോൺ 9497900200.