വിദഗ്ദ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക്‌

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ദ ചികിത്സക്കായി ജര്‍മ്മനിയിലേക്ക്. നിലവില്‍ കൊച്ചി രാജഗിരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിശ്രമത്തിലാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജപ്രചരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചും, ജര്‍മ്മനിയില്‍ ചികിത്സയ്ക്കായി ഉടന്‍ പോകും എന്നതിനെ കുറിച്ചും വ്യക്തമാക്കിയത്‌.

അതേസമയം, ആളുകള്‍ കാര്യങ്ങള്‍ വേണ്ട വിധം മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ‘ഇപ്പോഴത്തെ പ്രചരണങ്ങളില്‍ കുടുംബത്തിന് വളരെയധികം ദുഖമുണ്ട്. ഈ അസുഖം മുന്‍പ് രണ്ട് തവണ ഉണ്ടായിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. ആദ്യം വന്നപ്പോള്‍ ഒന്‍പത് മാസം കഴിഞ്ഞാണ് ഭേദമായത്. രണ്ടാമത് വന്നപ്പോള്‍ ചികിത്സയ്ക്കായി അമേരിക്കയിലും, ജര്‍മ്മനിയിലും പോയിരുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ തിരക്കിയാണ് ജര്‍മ്മനിയിലേക്ക് കൊണ്ടുപോയത്’- മകന്‍ കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആലുവ പാലസിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.