കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് ഒഴിവ്

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ എന്നിവ ഉൾപ്പടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സിഡിഎസുകൾക്ക് കീഴിലുള്ള അയൽക്കൂട്ട അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ഏഴ് ഒഴിവുകൾ കൂടാതെ പ്രതീക്ഷിത ഒഴിവുകളുമാണ് ഉള്ളത്. പ്രായപരിധി 20നും 35നും ഇടയിലായിരിക്കണം. നിലവിൽ കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിക്കുന്നവർക്ക് 45 വയസ് വരെ അപേക്ഷിക്കാം.

അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org ലോ ലഭിക്കും. നവംബർ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, മലപ്പുറം എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.

പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സിഡിഎസ് ചെയർപേഴ്‌സന്റെ അല്ലെങ്കിൽ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ ആണ് നൽകേണ്ടത്. അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ സിവിൽസ്റ്റേഷൻ മലപ്പുറം-676505 എന്ന വിലാസത്തിൽ അയക്കണം. ഫോൺ 0483 2733470.